പൂക്കോട്ടൂര്‍ യുദ്ധത്തിന്‌ ഇന്ന്‌ 90 വയസ്സ്‌

മലപ്പുറം: രണസ്മരണകളുടെ ഊര്‍ജവാഹിയായി മഹായുദ്ധത്തിന്റെ ഒരു ആണ്ടറുതികൂടി വന്നിരിക്കുന്നു.

1921 ആഗസ്ത്‌ 26 വെള്ളി ഇന്ത്യന്‍ സ്വാതന്ത്യ്രസമര ചരിത്രത്തില്‍ ഏക യുദ്ധമെന്നു ചരിത്രം വിശേഷിപ്പിച്ച പൂക്കോട്ടൂര്‍ യുദ്ധത്തിന്‌ ഇന്ന്‌ 90 ആണ്ട്‌. ഖിലാഫത്ത്‌ കമ്മിറ്റി നേതാവും കോവിലകം കാര്യസ്ഥനുമായ വടക്കു വീട്ടില്‍ മമ്മുദുവിനെ തോക്ക്‌ മോഷ്ടിച്ചെന്ന കള്ളക്കേസില്‍ കുടുക്കിയതാണ്‌ യുദ്ധത്തിലേക്കു നയിച്ചത്‌.

മമ്മുദുവിനെയും 16 പേരെയും കള്ളക്കേസില്‍ പിടിക്കാന്‍ മഞ്ചേരി സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ നാരായണ മേനോനും സംഘവുമെത്തി. വിവരമറിഞ്ഞ്‌ 500ഓളം ഖിലാഫത്ത്‌ പ്രവര്‍ത്തകര്‍ തടിച്ചുകൂടി കോവിലകത്തേക്കു പോയി. അന്നു രാത്രി ചിന്നനുണ്ണിത്തമ്പുരാന്‍ കോവിലകത്ത്‌ നിന്നു രക്ഷപ്പെട്ടു. ഇതോടെ, പോലിസ്‌ പലതവണ മമ്മുദുവിനെ തിരഞ്ഞുവന്നു. ഇതു ഖിലാഫത്ത്‌ പ്രവര്‍ത്തകരെ ക്ഷുഭിതരാക്കി.

1921 ആഗസ്ത്‌ 21ന്‌ തിരൂരങ്ങാടി പള്ളിക്ക്‌ ബ്രിട്ടീഷ്‌ പട്ടാളം വെടിവച്ചുവെന്ന വാര്‍ത്ത പരന്നു. മാപ്പിളസൈന്യം തിരൂരങ്ങാടിയിലേക്കു മാര്‍ച്ച്‌ ചെയ്തു. ആദ്യം നിലമ്പൂരിലേക്ക്‌ 5,000 വരുന്ന ഖിലാഫത്ത്‌ പ്രവര്‍ത്തകര്‍ മാര്‍ച്ച്‌ നടത്തി. അവിടെ നടന്ന ഏറ്റുമുട്ടലില്‍ 16 പേര്‍ കൊല്ലപ്പെട്ടു. തിരിച്ചുവന്നു പൂക്കോട്ടൂരിന്റെയും പരിസര പ്രദേശങ്ങളുടെയും ഭരണം ഖിലാഫത്ത്‌ പ്രവര്‍ത്തകര്‍ ഏറ്റെടുത്തു. കോവിലകത്തെ നെല്ലും പണവും സാധുക്കള്‍ക്കു വിതരണം ചെയ്തു. ഇതോടെ, ബ്രിട്ടീഷ്‌ പട്ടാളം ഖിലാഫത്ത്‌ പ്രവര്‍ത്തകരെ തിരഞ്ഞുപിടിച്ച്‌ ആക്രമിക്കാന്‍ തുടങ്ങി.
1921 ആഗസ്ത്‌ 20 കണ്ണൂരില്‍ നിന്നു ബ്രിട്ടീഷ്‌ പട്ടാളത്തിന്റെ ഒരു സംഘം കോഴിക്കോട്‌ വഴി മലപ്പുറത്തേക്കു പുറപ്പെട്ടിരുന്നു. ഈ വിവരം ഖിലാഫത്ത്‌ പ്രവര്‍ത്തകര്‍ക്കു ലഭിച്ചു. ഇതോടെ, യുദ്ധകാഹളം മുഴങ്ങി. വടക്കു വീട്ടില്‍ മമ്മുദുവും കാരാട്ട്‌ മൊയ്തീന്‍കുട്ടി ഹാജിയും നേതൃത്വം നല്‍കി. പട്ടാളത്തെ തടയാന്‍ പാലങ്ങള്‍ പൊളിച്ചുനീക്കി. ആഗസ്ത്‌ 26 വെള്ളി 2,000ത്തോളം വരുന്ന ഖിലാഫത്ത്‌ പ്രവര്‍ത്തകര്‍ പട്ടാളത്തിന്റെ വരവും പ്രതീക്ഷിച്ചു പൂക്കോട്ടൂരിലെ വയലുകളിലും തോട്ടിലും മണല്‍ക്കൂനയ്ക്കു പിന്നിലുമായി ഒളിഞ്ഞിരുന്നു.
22 ലോറിയിലും 25 സൈക്കിളിലുമായാണു പട്ടാളക്കാര്‍ എത്തിയത്‌. പട്ടാളത്തിന്റെ പിന്‍നിര പിലാക്കല്‍ എന്ന സ്ഥലത്തെത്തുമ്പോള്‍ മുന്നിലെയും പിന്നിലെയും ലോറിയിലെ ടയറുകള്‍ക്കു വെടിവയ്ക്കാനും നാലുഭാഗത്തു നിന്നു വളയാനുമായിരുന്നു പരിപാടി. ഈ പദ്ധതി മനസ്സിലാക്കാതെ സമരപോരാളികളില്‍ രണ്ടുപേര്‍ ആദ്യവാഹനം കണ്ടയുടനെ വെടിവച്ചു. തുടര്‍ന്ന്‌, പട്ടാളമിറങ്ങി പിന്നോട്ടേക്കു വന്നു പുകബോംബ്‌ എറിഞ്ഞു.
ഇതോടെ, പോരാളികള്‍ക്ക്‌ അവരുടെ ആയുധങ്ങള്‍ പ്രവര്‍ത്തിപ്പിക്കാന്‍ സാധിച്ചില്ല. പുക ശമിച്ചപ്പോള്‍ ഏതാനും പട്ടാളക്കാര്‍ നിരായുധരായി നടന്നുനീങ്ങുന്നതായ്‌ കണ്ട മാപ്പിള ഒളിപ്പോരാളികള്‍ ചാടിയടുത്തു. ഇതു ചതിയാണെന്നു പോരാളികള്‍ക്ക്‌ അറിയില്ലായിരുന്നു. പട്ടാളക്കാര്‍ പിന്നോട്ടോടി. നേരത്തേ ഘടിപ്പിച്ച യന്ത്രത്തോക്കുകള്‍ പ്രവര്‍ത്തിപ്പിച്ചു. അനേകമാളുകളെ കൊന്നൊടുക്കി യുദ്ധനായകന്‍ വടക്കു വീട്ടില്‍ മമ്മുദു രക്തസാക്ഷിയായി. നാലുമണിക്കൂര്‍ നേരത്തെ പോരാട്ടത്തില്‍ 259 പോരാളികള്‍ മരണമടഞ്ഞു. ബ്രിട്ടീഷ്‌ പട്ടാളത്തിനു പട്ടാള ഓഫിസര്‍ ലങ്കാസ്റ്റര്‍ കൊല്ലപ്പെട്ടു. മറ്റു രണ്ടുപേരും മരണമടഞ്ഞു. മങ്കാസ്റ്ററുടെ ശവകൂടീരം മലപ്പുറം കുന്നുമ്മല്‍ സെമിത്തേരിയിലാണ്‌.

പിലാക്കല്‍ അങ്ങാടിക്കടുത്ത്‌ കല്ലുവെട്ടിക്കുഴിയിലാണ്‌ അധിക മാപ്പിളപ്പോരാളികളെയും മറവു ചെയ്തത്‌. പിന്നീട്‌ പട്ടാളക്കാര്‍ കണ്ണില്‍ കണ്ടവരെയെല്ലാം വെടിവച്ചിട്ടു. 400ലേറെ പേര്‍ മരണമടഞ്ഞുവെന്നാണു കണ്ടത്‌. പിന്നീട്‌ പലയിടത്തും ഏറ്റുമുട്ടലുണ്ടായി. വീടുകള്‍ അഗ്നിക്കിരയാക്കി. മൃതശരീരങ്ങള്‍ കൂട്ടിയിട്ട്‌ പെട്രോളൊഴിച്ചു പട്ടാളക്കാര്‍ തന്നെ കത്തിച്ചു. പലരെയും പിടിച്ച്‌ ആന്തമാനിലേക്കും മറ്റും നാടുകടത്തി. അല്ലാത്തവരെ വെടിവച്ചു കൊന്നു. മതമെന്നോ ജാതിയെന്നോ വ്യത്യാസമില്ലാതെ എല്ലാ വിഭാഗം ജനങ്ങളും യുദ്ധത്തില്‍ പങ്കാളികളായി. ഇന്ത്യയുടെ ദേശീയ സമരചരിത്രത്തില്‍ പൂക്കോട്ടൂര്‍ യുദ്ധത്തിന്‌ അതുല്യമായ സ്ഥാനമുണ്ട്‌. പക്ഷേ, ഹിച്ച്കോക്കിനെ തന്നെ ഇതിന്റെ ചരിത്രം രേഖപ്പെടുത്താന്‍ നിയോഗിച്ചതുകൊണ്ടു ചരിത്രത്തിനു വൈകല്യങ്ങള്‍ സംഭവിച്ചു.
പൂക്കോട്ടൂര്‍ യുദ്ധത്തിനോടു ചരിത്രം കണ്ണുചിമ്മി. ചരിത്രത്തിന്റെ തിരുശേഷിപ്പായി പൂക്കോട്ടൂര്‍ ഗ്രാമപ്പഞ്ചായത്ത്‌ ഓഫിസിനു മുമ്പില്‍ പണിത പൂക്കോട്ടൂര്‍ യുദ്ധസ്മാരക കവാടം മാത്രമാണ്‌ ഇപ്പോള്‍ സ്മാരകമായി നിലനില്‍ക്കുന്നത്‌.

പൂക്കോട്ടൂര്‍ യുദ്ധ രക്തസാക്ഷികള്‍ ഇവിടെ അന്ത്യവിശ്രമം കൊള്ളുന്നു

Thejas News
26.08.2011

Related News.

1 comments:

Kattil Abdul Nissar said...

ചരിത്രത്തിന്റെ രേഖ പ്പെടുത്തല്‍ നന്നായി.

Post a Comment

 
Other Website Malabar Kalapam | Wagon Tragedy | Shihab Thangal