സാമ്രാജ്യത്വ വിരുദ്ധ പോരാട്ടങ്ങളുടെ അടയാളമായി ഒരു ശവകുടീരം.

മഞ്ചേരി.  സൂര്യനസ്‌തമിക്കാത്ത ബ്രിട്ടീഷ്‌ സാമ്രാജ്യത്തിനെതിരെ പോരാടി ചരിത്രത്തിന്റെ നാള്‍വഴികളില്‍ വീരേതിഹാസങ്ങള്‍ തുന്നിച്ചേര്‍ത്ത ഏറനാടന്‍ മാപ്പിളമാരുടെ സ്വാതന്ത്രസമര പോരാട്ടങ്ങള്‍ക്ക്‌ നേര്‍സാക്ഷിയായി നിലകൊള്ളുകയാണ്‌ മഞ്ചേരി ഗവ: ബോയ്സ്‌ ഹൈസ്കൂള്‍ വളപ്പിലുള്ള എത്സണ്‍ സായ്പ്പിന്റെ ശവകുടീരം.

1848 ല്‍ മഞ്ചേരിയില്‍ നടന്ന കാര്‍ഷിക ലഹളയിലാണ്‌ മദ്രാസ്‌ റജിമെന്റിലെ കേണലായ എത്സണ്‍ വൈസി എന്ന പട്ടാളത്തലവനെ 
സ്വാതന്ത്രസമര  പോരാളികള്‍ വെട്ടിക്കൊന്നത്‌.
ബ്രിട്ടീഷ്‌ ഗവണ്‍മെന്റും നാടുവാഴി തമ്പുരാക്കന്‍മാരും ചേര്‍ന്ന്‌ നടത്തിയ ക്രൂരതകള്‍ക്ക്‌ ചട്ടുകമായി പ്രവര്‍ത്തിച്ച എത്സണ്‍ വൈസിയെ കുതിരപ്പുറത്ത്‌ സഞ്ചരിക്കവേയാണ്‌ പോരാളികള്‍ വധിച്ചത്‌. കൊല്ലപ്പെട്ട പട്ടാളത്തലവനെ കൊലപാതകം നടന്ന അതേ സ്ഥലത്ത്‌ തന്നെ സംസ്കരിക്കുകയായിരുന്നു. ബ്രിട്ടീഷ്‌ ഭരണാധികാരികള്‍. മഞ്ചേരി ഗവ: ബോയ്സ്‌ ഹൈസ്കൂളിലെ പഴയ കെട്ടിടത്തിനു സമീപമാണ്‌ ഈ ചരിത്രസ്മാരകം .

മലബാറില്‍ ഭരണം നടത്തിയിരുന്ന മൈസൂര്‍ രാജാവ്‌ ടിപ്പു സുല്‍ത്താനെ വധിച്ച ശേഷം ബ്രിട്ടീഷുകാര്‍ നാട്ടില്‍ നടത്തിയ ക്രൂരതകള്‍ക്കെതിരെ നേരത്തെ ഏറനാടന്‍ മാപ്പിളമാര്‍ പ്രതികരിച്ചു തുടങ്ങിയിരുന്നു. 1836 നു ശേഷമാണ്‌ ബ്രിട്ടീഷ്‌ ഭരാണാധികാരികള്‍ക്കും ജന്‍മിമാര്‍ക്കുമെതിരെ പോരാട്ടങ്ങള്‍ സജീവമായത്‌. കോളനിവാഴ്ചക്കും അന്യായങ്ങള്‍ക്കുമെതിരെ 1836 മുതല്‍ 1921 വരെ ഏറനാട്ടില്‍ പോരാട്ടങ്ങള്‍ നടന്നതായി ചരിത്രകാരന്‍മാര്‍ പറയുന്നു. ഏറനാട്ടിലെ ചെറിയ ഗ്രാമങ്ങളില്‍ പോലും രണ്ടോ മൂന്നോ ആളുകള്‍ ചേര്‍ന്ന്‌ ഇത്തരം പോരാട്ടങ്ങള്‍ നടത്തി.

ബ്രിട്ടീഷുകാരുടെ ആനുകൂല്യങ്ങള്‍ക്ക്‌ വേണ്ടി മാതൃരാജ്യത്തെ ഒറ്റിക്കൊടുത്തവര്‍ ഉള്‍പ്പെടെ മൊത്തം 83 പേരായിരുന്നു. ഈ പോരാട്ടങ്ങളില്‍ കൊല്ലപ്പെട്ടത്‌. ഈ കാലയളവില്‍ ഏറനാട്ടില്‍ കൊല്ലപ്പെട്ട ഏക ബ്രിട്ടീഷ്‌ ഉദ്യോഗസ്ഥനാണ്‌ കേണല്‍ എത്സണ്‍ വൈസി. കേണലിന്റെ കൊലപാതകത്തിനു ശേഷം കനത്ത ക്രൂരതകളാണ്‌ ബ്രിട്ടീഷുകാര്‍ നാട്ടില്‍ അഴിച്ചു വിട്ടത്‌.

1921 ലെ മലബാര്‍ ലഹളയോളം ചെന്നത്തിനില്‍ക്കുന്ന 
സ്വാതന്ത്രസമര പോരാട്ടങ്ങള്‍ക്ക്‌ കരുത്തേകിയത്‌ എത്സണ്‍ വൈസിയുടെ കൊലപാതകവും തുടര്‍ന്നുണ്ടായ നടപടികളുമാണെന്ന്‌ ചരിത്രകാരന്‍മാരില്‍ ചിലര്‍ രേഖപ്പെടുത്തിയിട്ടുണ്ട്‌.

നവാസ്‌ നിലമ്പൂര്‍

2 comments:

മുസാഫിര്‍ said...

ചരിത്രം ഉറങ്ങുന്ന മണ്ണാണല്ലേ ?

ജിപ്പൂസ് said...

'പൂക്കോട്ടൂര്‍'.
വെളിച്ചം കാണാതെ കിടക്കുന്ന ഒരു പാടു വീരേതിഹാസങ്ങള്‍ ഇനിയും ഉണ്ടവിടെ.കൂടുതല്‍ പ്രതീക്ഷിക്കുന്നു.

Post a Comment

 
Other Website Malabar Kalapam | Wagon Tragedy | Shihab Thangal